Back to Feeds
ജെഡിസി: അപേക്ഷ മാര്‍ച്ച് 31ന് അകം
CAREERS

ജെഡിസി: അപേക്ഷ മാര്‍ച്ച് 31ന് അകം

26 Feb 2020

സഹകരണ മേഖലയില്‍ ബാങ്കുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ക്ലറിക്കല്‍ തലം മുതലുള്ള തസ്തികകളിലെ നിയമനത്തിന് ബിരുദം കഴിഞ്ഞുള്ള ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷനോ (എച്ച്ഡിസി), പത്താം ക്ലാസ് കഴിഞ്ഞുള്ള ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷനോ (ജെഡിസി) വേണം. ജെഡിസി പ്രവേശനത്തിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. കോഴ്സ് ജൂണ്‍ 1 മുതല്‍ 10 മാസം.

കോഴ്സ് നടത്തുന്ന സ്ഥാപനങ്ങള്‍
 സഹകരണ പരിശീലന കേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊട്ടാരക്കര, ചേര്‍ത്തല, കോട്ടയം, നെടുങ്കണ്ടം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
സഹകരണ പരിശീലന കോളജുകള്‍: ആറന്മുള, പാലാ (എക്സ്റ്റന്‍ഷന്‍ സെന്റര്‍), വടക്കന്‍ പറവൂര്‍, തിരൂര്‍, തലശ്ശേരി

 പട്ടികവിഭാഗ ബാച്ചുകള്‍: കൊട്ടാരക്കര, ചേര്‍ത്തല, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ സഹകരണ പരിശീലന കേന്ദ്രങ്ങളില്‍.

പ്രവേശന യോഗ്യത
D+ എങ്കിലുമുള്ള പത്താം ക്ലാസ്. 2020 ജൂണ്‍ ഒന്നിനു പ്രായം 16 - 40. പട്ടിക / പിന്നാക്ക വിഭാഗക്കാര്‍ക്ക് യഥാക്രമം 45 / 43 വരെയും,. വിമുക്തഭടന്മാര്‍ക്കു പ്രായത്തില്‍ നിയമാനുസൃതം ഇളവ്. സഹകരണ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല.പട്ടികവിഭാഗക്കാര്‍ക്കു മാത്രമായുള്ള ബാച്ചുകളില്‍ 80 സീറ്റ് വീതം. പട്ടികജാതി 60, പട്ടികവര്‍ഗം 20. അപേക്ഷകന്‍ ഏതു കേന്ദ്രത്തില്‍ ഏതു വിഭാഗത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് അപേക്ഷാഫോമില്‍ വ്യക്തമാക്കണം.

പത്താം ക്ലാസിലെ ഗ്രേഡ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കി, റാങ്ക് ചെയ്താണ് സിലക്ഷന്‍. പഴയ സ്‌കീംകാരുടെ മാര്‍ക്ക് ഗ്രേഡായി പരിവര്‍ത്തനം ചെയ്തെടുക്കും. പ്ലസ്ടു, ബിരുദം എന്നിവയ്ക്ക് യഥാക്രമം ഒരു പോയിന്റും രണ്ടു പോയിന്റും ബോണസ്. എസ്എസ്എല്‍സി ജയിക്കാന്‍ കൂടുതല്‍ ചാന്‍സുകളെടുത്തവരുടെ പോയിന്റ് കുറയ്ക്കുന്ന വകുപ്പുമുണ്ട്.

സംവരണം

ഡിപ്പാര്‍ട്മെന്റ് അപേക്ഷകര്‍ - 15 %; സഹകരണസംഘം ജീവനക്കാര്‍ - 35 %. ശേഷിച്ച 50 % ജനറല്‍ സീറ്റില്‍, ഇനിപ്പറയുന്ന ക്രമത്തില്‍ സംവരണം. പട്ടികജാതി - 8 %, പട്ടികവര്‍ഗം 2 %, മറ്റു പിന്നാക്കവിഭാഗം - 5 %, ഡിസിപി ജയിച്ചവര്‍ 5%, വിമുക്തഭടന്മാര്‍ / ആശ്രിതര്‍ - 5%, ഭിന്നശേഷിക്കാര്‍ക്കും സ്പോര്‍ട്സ് താരങ്ങള്‍ക്കും സീറ്റ് മാറ്റിവച്ചിട്ടുണ്ട്

മറ്റു നിബന്ധനകള്‍

സഹകരണസംഘത്തില്‍ ഒരു വര്‍ഷമെങ്കിലും സ്ഥിരം സേവനമനുഷ്ഠിച്ചവരെ മാത്രമേ പ്രവേശനക്കാര്യത്തില്‍ ആ വിഭാഗക്കാരായി പരിഗണിക്കൂ. ജോലി നോക്കുന്ന സംഘത്തിന്റെ അഫിലിയേഷനു പ്രാബല്യമുണ്ടായിരിക്കുകയും വേണം.

ഓരോ കേന്ദ്രത്തിലും ഏതേത് പ്രദേശങ്ങളിലെ അപേക്ഷകരെയാണു പരിഗണിക്കുകയെന്ന് പ്രോസ്പെക്ടസിലുണ്ട്. താലൂക്ക് അടിസ്ഥാനത്തിലാണു സിലക് ഷന്‍. പ്രവേശനത്തിനു ശേഷം സ്ഥാപനമാറ്റം കിട്ടില്ല.

അപേക്ഷാഫോം 100 രൂപയ്ക്കു പരിശീലനകേന്ദ്രങ്ങളില്‍ നിന്ന് നേരിട്ടു വാങ്ങാം. തപാല്‍വഴി കിട്ടാന്‍ 130 രൂപ, മാര്‍ച്ച് 20ന് അകം കിട്ടത്തക്കവണ്ണം പ്രിന്‍സിപ്പലിന്റെ പേര്‍ക്ക് മണിയോര്‍ഡര്‍ അയയ്ക്കണം. പട്ടികവിഭാഗക്കാര്‍ യഥാക്രമം 50 / 80 രൂപ. സഹകരണസംഘം ജീവനക്കാര്‍ യഥാക്രമം 250 / 280 രൂപ. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 31ന് അകം ലഭിക്കണം.കോഴ്സ് ഫീ 10,000 രൂപ. ഇതില്‍ 2,000 രൂപ തുടക്കത്തിലും, ബാക്കി തുക 1000 രൂപ വീതം എട്ടു ഗഡുക്കളായും അടയ്ക്കാം. മറ്റു ഫീസ് പുറമേ. പ്രവേശനവിജ്ഞാപനവും പ്രോസ്‌പെക്ടസും https://scu.kerala.gov.in എന്ന സൈറ്റിലെ ആപ്ലിക്കേഷന്‍സ് ലിങ്കിലുണ്ട്.

ഫോണ്‍: 0471 - 243 6689 / 0481- 2564738 / 0487 - 2380462 / 0495 -2702095 / 04994 - 207350