Back to Feeds
 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ശാസ്ത്രം പഠിക്കാം
CAREERS

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ശാസ്ത്രം പഠിക്കാം

26 Feb 2020

*ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ബെംഗളൂരു നാലുവര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബി.എസ്.റിസര്‍ച്ച്) പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോര്‍ സയന്‍സ് വിഷയങ്ങളുടെയും ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങളുടെയും സമ്മിശ്ര പഠനരീതി ബാധകമായ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷംകൂടി സ്ഥാപനത്തില്‍ പഠനം നടത്തി മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദവും നേടാനുള്ള അവസരവുമുണ്ട്.

കോര്‍ വിഷയങ്ങള്‍: ബയോളജി, കെമിസ്ട്രി, ഫിസിക്സ്, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ്, മാത്തമാറ്റിക്സ് എന്നിവയാണ് ലഭ്യമായ ആറു കോര്‍ വിഷയങ്ങള്‍. അവസാന രണ്ടു സെമസ്റ്ററുകള്‍ ഒരു ഗവേഷണ പ്രോജക്ടിനായി നീക്കിവെച്ചിരിക്കുകയാണ്.

യോഗ്യത: 2019ല്‍ പി.യു.സി. രണ്ടാം വര്‍ഷം/12ാം ക്ലാസ് വിജയിക്കണം. യോഗ്യതാ കോഴ്സ് 2020ല്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം. പ്രോഗ്രാമില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ മുഖ്യവിഷയമായി പഠിച്ചിരിക്കണം. ഇവയ്ക്കൊപ്പം ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമില്‍ ഫസ്റ്റ് ക്ലാസ്/60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് (പട്ടിക വിഭാഗക്കാര്‍ക്ക്, പാസ് ക്ലാസ്) നേടിയിരിക്കണം.

അപേക്ഷ: www.iisc.ac.in/ug/ വഴി ഏപ്രില്‍ 30 വരെ നല്‍കാം.

വാര്‍ഷിക ട്യൂഷന്‍ ഫീസ് 10,000 രൂപയാണ്. പട്ടിക വിഭാഗക്കാരെ ട്യൂഷന്‍ ഫീസില്‍നിന്ന് ഒഴിവാക്കായിട്ടുണ്ട്. എല്ലാവര്‍ക്കും മറ്റ് ഫീസുകള്‍ ഉണ്ടാകും. വിവരങ്ങള്‍ക്ക്: www.iisc.ac.in/ug/

നാല് സ്ട്രീം വഴി പ്രവേശനം

പ്രവേശനത്തിന് പ്രത്യേകിച്ച് ഒരു പരീക്ഷ ഇല്ല. മറിച്ച് ദേശീയതലത്തില്‍ നടത്തുന്ന ചില പരീക്ഷകളിലെ മികവ് പരിഗണിച്ച് നാലു സ്ട്രീമുകള്‍ വഴി പ്രവേശനം നല്‍കും.

*കെ.വി.പി.വൈ. ആണ് അതിലൊന്ന്. ഈ ഫെലോഷിപ്പ് പദ്ധതിയിലേക്ക് വിവിധ സ്ട്രീമുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ പരിഗണിക്കും. സ്ട്രീം, പരീക്ഷ അഭിമുഖീകരിച്ച വര്‍ഷം എന്നിവ ഇപ്രകാരമായിരിക്കണം: എസ്.എ. (2018ല്‍ അഭിമുഖീകരിച്ചവര്‍), എസ്.ബി. (2019), എസ്.എക്സ്. (2019). കൂടാതെ പട്ടികവിഭാഗക്കാര്‍ക്കുള്ള എംപവര്‍മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി വഴി തിരഞ്ഞെടുക്കപ്പെട്ടവരെയും ഈ സ്ട്രീമില്‍ പരിഗണിക്കും.

*2020ല്‍ ജെ.ഇ.ഇ.മെയിന്‍, അഡ്വാന്‍സ്ഡ്, നീറ്റ് യു.ജി. എന്നിവയിലൊന്ന് അഭിമുഖീകരിച്ച് അതില്‍ കാറ്റഗറി അനുസരിച്ച്, നിശ്ചിത ശതമാനം മാര്‍ക്കു നേടിയവര്‍ക്ക് ബന്ധപ്പെട്ട സ്ട്രീമില്‍ അപേക്ഷിക്കാം.

മാര്‍ക്ക് ശതമാനം ഇപ്രകാരമാകണം: ജനറല്‍ 60 ശതമാനം, ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ് (ഇ.ഡബ്ല്യു.എസ്.), ഒ.ബി.സി. (എന്‍.സി.എല്‍.)54 ശതമാനം, പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍30 ശതമാനം.

ഓരോ ചാനലിനും ഓരോ മെരിറ്റ് പട്ടിക തയ്യാറാക്കി സീറ്റ് ലഭ്യതയനുസരിച്ച് അലോട്ട്മെന്റ് നല്‍കും. ഒന്നില്‍ക്കൂടുതല്‍ ചാനലുകളില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരെ അവയിലേക്കെല്ലാം പരിഗണിക്കും.